ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; സഹോദരങ്ങളെയും നാത്തൂനെയും കുത്തിവീഴ്ത്തി യുവാവ്; ദമ്പതികൾക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

Update: 2026-02-19 05:15 GMT

സീതാപൂർ: ഉത്തർപ്രദേശിലെ സീതാപൂരിൽ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൂട്ടുകുടുംബത്തിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരന്മാരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടോടെയാണ് ഗ്രാമത്തെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. നൈമിശാരണ്യ പോലീസ് സ്റ്റേഷൻ പരിധിയിലെ താക്കൂർപൂർവ ഗ്രാമത്തിലാണ് സംഭവം.

സഹോദരങ്ങളുമായുണ്ടായ തർക്കത്തെത്തുടർന്ന് ഒരാൾ തന്റെ രണ്ട് സഹോദരങ്ങളെയും സഹോദരഭാര്യയെയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ ചെറിയ വാക്കുതർക്കത്തെത്തുടർന്ന് ശ്യാമു (37) തന്റെ മൂത്ത സഹോദരൻ ഹരീഷിനെയും (40) ഇളയ സഹോദരൻ രാമുവിനെയും ആക്രമിക്കുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്പർണ്ടന്റ് ഓഫ് പോലീസ് ദുർഗേഷ് സിംഗ് പറഞ്ഞു.

തടയാൻ ശ്രമിച്ച ഹരീഷിന്റെ ഭാര്യ പൂനമിനും കുത്തേൽക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "മൂന്ന് പേർക്കും കുത്തേറ്റിരുന്നു. ഇവരെ ഉടൻ തന്നെ നൈമിശാരണ്യ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും പൂനം നേരത്തെ തന്നെ മരിച്ചിരുന്നു. ചികിത്സയ്ക്കിടെ ഹരീഷും മരണത്തിന് കീഴടങ്ങി. നില ഗുരുതരമായ രാമുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി," സിംഗ് പറഞ്ഞു.

തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ശ്യാമു തന്റെ സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ശ്യാമുവിനെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും എഎസ്പി വ്യക്തമാക്കി.

Tags:    

Similar News