സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം കുടിവെള്ളത്തില്‍ കലർന്ന് ദുരന്തം; മൂന്നുപേര്‍ മരിച്ചു; നിരവധിപേർ ആശുപത്രിയിൽ; ഞെട്ടിപ്പിക്കുന്ന സംഭവം ചെന്നൈയിൽ
ചെന്നൈ: മലിനജലം കുടിച്ച മൂന്നുപേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. ചെന്നൈ പല്ലാവരത്താണ് സംഭവം നടന്നത്. ഛര്‍ദിയും വയറിളക്കവുമായി മുപ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുശുചിമുറിയിലെ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചാണ് മരണം സംഭവിച്ചത്.
സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി പൊതുജലം സംഭരിക്കുന്നയിടത്തേക്ക് കലരുകയായിരുന്നു. ഇതേസമയത്തു തന്നെ ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായതും മാലിന്യം കുടിവെള്ളത്തില്‍ കലരാൻ ഇടയാക്കി.
ബുധനാഴ്ച വൈകീട്ടോടുകൂടിയാണ് സംഭവം നടന്നത്. പല്ലാവരത്തെ നിവാസികളില്‍ നിരവധി പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാവുകയും മുപ്പത്തിയഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നുപേരാണ് മരിച്ചത്.
അതിനിടെ മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടില്ലെന്നും ഭക്ഷണത്തില്‍ നിന്നാകാം രോഗബാധയുണ്ടായത് എന്നും മന്ത്രി ടി.എന്‍ അന്‍പരശന്‍ പ്രതികരിച്ചു. മന്ത്രിയുടെ ഈ നിഗമനത്തെ പല്ലാവരം നിവാസികള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുശുചിമുറികളില്‍ നിന്നും മാലിന്യ കുടിവെള്ളത്തില്‍ കലരുന്നത് ഇതാദ്യമായിട്ടല്ല എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.