സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയിലെ പൊട്ടിത്തെറി; മരണസംഖ്യ എട്ടായി; നിരവധി ആളുകളുടെ നില അതീവ ഗുരുതരം; സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍

Update: 2025-01-24 15:37 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ആയുധ നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. ഇന്ന് രാവിലെ 10.30നാണ് സ്ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹര്‍ നഗര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കറുത്ത പുക പടര്‍ന്നു.

സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ പറഞ്ഞു. ആര്‍ഡിഎക്സ് ഉല്‍പാദനത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കുന്ന ഫാക്ടറി സെക്ഷനിലാണ് സ്ഫോടനം നടന്നത്. സ്‌പോടന ശബ്ദം 5 കിലോമീറ്ററ് അകലെ വരെ കേട്ടു. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്. ഇവരെ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ സംഭത്തെകുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരിയിലും ഭണ്ഡാര ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന സ്‌ഫോടനത്തെകുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News