പൊലീസ് യൂണിഫോമുണ്ട് ഐഡി കാർഡുണ്ട്; എന്നാൽ സർവീസിലില്ല; സൗജന്യമായി സിനിമ കാണും ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിക്കും; തട്ടിപ്പുകാരൻ പിടിയിൽ

Update: 2024-09-09 05:57 GMT

ലക്‌നൗ: ഉത്തർപ്രദേശിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പൊലീസ് യൂണിഫോമിൽ കറങ്ങി നടന്നിരുന്ന ഇയാൾ കാശു നൽകാതെ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും സിനിമ കാണുകയും ചെയ്തിരുന്നു. സംശയം ഉയർന്നതോടെയാണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ലക്‌നൗവിൽ പിടിയിലായത്. ബാഹ്റൈച്ച് സ്വദേശിയായ റോമിൽ സിംഗാണ് അറസ്റ്റിലായത്.

പൊലീസ് സേനയിൽ ചേരണമെന്ന് റോമിൽ സിംഗ് വളരെ കാലമായി ആഗ്രഹിച്ചിരുന്നു. പക്ഷെ പരീക്ഷ പാസാകാനാകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഇയാൾ പോലീസ് യൂണിഫോമും ഐഡി കാർഡും സംഘടിപ്പിച്ച് തട്ടിപ്പിനിറങ്ങിയത്. റോമിൽ സിംഗ് സിനിമ സൗജന്യമായി കാണാനെത്തിയത് പതിവായതോടെ തിയറ്റർ ഉടമകൾക്ക് സംശയം തോന്നുകയായിരുന്നു. ഇവരുടെ പരാതിയിലായിരുന്നു പോലീസ് നടപടികൾ ആരംഭിച്ചത്. അന്വേഷണത്തിൽ നിന്നും പ്രതിയെ കുറിച്ച് കൂടുതൽ വിവരം പുറത്തു വന്നു. സിനിമ കാണുവാൻ മാത്രമല്ല തട്ടുകടകളിൽ നിന്നും കാശ് നൽകാതെ ആഹാരം കഴിക്കുന്നതിനായും ഇയാൾ പോലീസ് വേഷം ഉപയോഗിച്ചിരുന്നതായി കണ്ടെത്താനായി.

ലഖ്‌നൗവിലെ ചാർബാഗിൽ നിനാണ് പ്രതി പോലീസ് യൂണിഫോമും ബാഡ്ജുകളും സ്വന്തമാക്കിയത്. കൂടാതെ സംശയം തോന്നാതിരിക്കാനായി ഇയാൾ ഒരു ഐഡി കാർഡ് പ്രിൻ്റ് ചെയ്തിരുന്നു. ഈ വ്യാജ ഐഡൻ്റിറ്റി സഹായത്തോടെ ഇയാൾ തിയേറ്ററുകളിലും ഭക്ഷണ ശാലകളിലും എത്തിയിരുന്നു. അതിനാൽ ആദ്യമൊന്നും സംശയമുണ്ടായിരുന്നില്ല. എന്നാൽ സന്ദർശനം സ്ഥിരമായതോടെയാണ് പൊലീസുമായി ബന്ധപ്പെടാൻ തീയേറ്റർ അധികൃതർ മുതിർന്നത്.

എന്നാൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബാഹ്റൈച്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നും ബാരാബങ്കിയിലാണ് നിലവിലെ പോസ്റ്റിങ്ങ് എന്നുമാണ് ഇയാൾ അന്വേഷണ സംഘത്തോടും വിശദമാക്കിയത്. നാട്ടുകാരെയും ഇയാൾ ഈ കഥ പറഞ്ഞ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ഡാറ്റാ ബേസ് പരിശോധിധനയിൽ തട്ടിപ്പ് പുറത്താവുകയായിരുന്നു. ഇതോടെ റോമിൽ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് വ്യാജ പോലീസ് യൂണിഫോം തിരിച്ചറിയൽ കാർഡ് എന്നിവയടക്കം പൊലീസ് പിടികൂടി. ഇയാൾക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നും പൊലീസെന്ന വ്യാജേനെ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾ നടത്തിയോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Tags:    

Similar News