500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2025-04-22 07:21 GMT

ന്യൂഡല്‍ഹി: 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉയര്‍ന്ന നിലവാരത്തിലുള്ള കള്ളനോട്ടുകള്‍ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

യഥാര്‍ഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകള്‍ക്ക് ഉണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ പേര് എഴുതിയതില്‍ യഥാര്‍ഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസര്‍വ് ബാങ്ക് എന്നഴുതിയതില്‍ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.

നോട്ടിലെ അക്ഷരത്തെറ്റ് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത രീതിയിലുള്ളതാണെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളും ഇതേക്കുറിച്ച് ജാഗ്രത പാലിക്കണം. സംശയാസ്പദമായ നോട്ടുകള്‍ കണ്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News