ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഉറങ്ങി കിടക്കുകയായിരുന്ന 9 അയ്യപ്പഭക്തന്മാർക്ക് ഗുരുതര പരിക്ക്; സംഭവം കർണാടകയിൽ
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ അയ്യപ്പഭക്തരുടെ നില ഗുരുതരമായി തുടരുന്നു. പൊട്ടിത്തെറിയിൽ ഒൻപത് അയ്യപ്പഭക്തർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു സംഭവം.
പരിക്കേറ്റ ഒൻപതുപേരെയും ഉടൻ തന്നെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു. ഗ്യാസ് ചോർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്‌ഫോടന ശബ്ദം കേട്ട് സമീപവാസികൾ ക്ഷേത്രത്തിലേക്ക് ഓടിയെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തർക്കാണ് പരിക്ക് പറ്റിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.