1997-ലെ കസ്റ്റഡി പീഡനക്കേസ്; പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ല; തെളിവുകളുടെ അഭാവവും തിരിച്ചടിയായി; മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കുറ്റമുക്തനാക്കി; വിധി പറഞ്ഞ് ഗുജറാത്ത് കോടതി
പോര്‍ബന്തര്‍: 1997 ൽ നടന്ന കസ്റ്റഡി പീഡനക്കേസുമായി ബന്ധപ്പെട്ട് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി വെറുതെ വിട്ടു. സംശയങ്ങള്‍ക്കതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. തെളിവുകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. സഞ്ജീവ് ഭട്ട് പോര്‍ബന്തര്‍ എസ്പിയായിരിക്കുമ്പോഴുള്ള കേസിലാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യ വിധി പറഞ്ഞത്.
ഇതിനിടെ, 1990-ലെ കസ്റ്റഡി മരണത്തില്‍ ജീവപര്യന്തം തടവ് ലഭിച്ച സഞ്ജീവ് ഭട്ട് നിലവില്‍ ഇപ്പോൾ ജയിലിലാണ്. രാജസ്ഥാന്‍ ആസ്ഥാനമായുള്ള അഭിഭാഷകനെ മയക്കുമരുന്ന് ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലും 20 വര്‍ഷം തടവ് ലഭിച്ചിട്ടുണ്ട് സഞ്ജീവ് ഭട്ടിന്.
രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ അദ്ദേഹമുള്ളത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരേ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമാക്കിയത്.