ന്യൂഡല്‍ഹിയില്‍ കനത്ത മഴയില്‍ നാലു മരണം; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; 100 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നു

ന്യൂഡല്‍ഹിയില്‍ കനത്ത മഴയില്‍ നാലു മരണം

Update: 2025-05-02 07:22 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളും കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. മരണം വീണ് നാലു പേര്‍ മരിച്ചു. പൊടിക്കാറ്റിന് പിന്നാലെയാണ് ശക്തമായ മഴയുണ്ടായത്. ഇതോടെ ഡല്‍ഹിയില്‍ ദുരിതാവസ്ഥയിലാണ് കാര്യങ്ങള്‍. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 100 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഡല്‍ഹിയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ടു മണിക്കൂറില്‍ ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും. വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി രേഖ ഗുപ്ത സന്ദര്‍ശിച്ചു.

വിമാനത്താവളത്തിലേക്ക് ?പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ കിഴക്കന്‍, വടക്കന്‍, ദക്ഷിണേന്ത്യന്‍ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നും 5.50 നും ഇടയില്‍ പ്രഗതി മൈതാനത്ത് മണിക്കൂറില്‍ 78 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശി. ഇഗ്‌നോ (മണിക്കൂറില്‍ 52 കിലോമീറ്റര്‍), നജഫ്ഗഡ് (മണിക്കൂറില്‍ 56 കിലോമീറ്റര്‍), ലോധി റോഡ് (മണിക്കൂറില്‍ 59 കിലോമീറ്റര്‍), പിതംപുര (മണിക്കൂറില്‍ 59 കിലോമീറ്റര്‍) എന്നിവയാണ് 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റ് വീശിയ മറ്റ് സ്ഥലങ്ങള്‍.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ആളുകള്‍ വീടിനുള്ളില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. വടക്കന്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, തെക്കുപടിഞ്ഞാറന്‍ രാജസ്ഥാന്‍, ഒഡീഷ, ഛത്തീസ്ഗഢ്, തെക്കന്‍ ഗംഗാതീര പശ്ചിമ ബംഗാള്‍, വടക്കന്‍ തീരദേശ ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News