കുളിമുറിയിലെ ലൈറ്റ് ഓണ്‍ ആകുന്നില്ലെന്ന് ദമ്പതികൾ; ഇലക്ട്രീഷ്യനെ അയച്ച് ശരിയാക്കി നൽകി വീട്ടുടമ; പിന്നാലെ ബൾബ് ഹോൾഡറിലെ സ്ക്രൂ ഇളകിയ നിലയിൽ; പരിശോധനയിൽ കണ്ടത് ഒളിക്യാമറ; വീട്ടുടമസ്ഥൻ അറസ്റ്റിൽ
ഹൈദരാബാദ്: വാടകവീട്ടിലെ കുളിമുറിയിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. ഹൈദരാബാദ് വെങ്കലറാവു നഗറിലെവീട്ടിലാണ് സംഭവം. ബൾബ് ഹോൾഡറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് രഹസ്യ ക്യാമറ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ അശോക് യാദവിനെയും ഇലക്ട്രീഷ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജവഹർ നഗറിൽ അശോക് യാദവിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഒളിക്യാമറ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23കാരിയും ഭർത്താവുമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. അടുത്തിടെയായി കുളിമുറിയിലെ ലൈറ്റ് കത്തുന്നില്ലെന്ന് ദമ്പതികൾ വീട്ടുടമയെ അറിയിച്ചിരുന്നു. തുടർന്ന് ഒക്ടോബർ 4-ന് അശോക് യാദവ് ഒരു ഇലക്ട്രീഷ്യനെ അയച്ച് അത് ശരിയാക്കി നൽകി.
ഒക്ടോബർ 13-ന് കുളിമുറിയിലെ ബൾബ് ഹോൾഡറിലെ ഒരു സ്ക്രൂ ഇളകിയിരിക്കുന്നതായി ദമ്പതികളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇയാൾ ടോർച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വീട്ടുടമയോട് ചോദിച്ചപ്പോൾ തനിക്കൊന്നുമറിയില്ലെന്ന മട്ടിൽ സംസാരിക്കുകയും പൊലീസിൽ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ദമ്പതികൾ മധുരനഗർ പൊലീസിൽ പരാതി നൽകി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം അശോക് യാദവിനും ഇലക്ട്രീഷ്യനായ ചിന്‍റുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. വീട്ടുടമ അശോക് യാദവിനെ അറസ്റ്റ് ചെയ്തെങ്കിലും ഇലക്ട്രീഷ്യൻ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ തെലങ്കാനയിലെ കിസ്തറെഡ്ഡിപേട്ട് ജില്ലയിലെ ഒരു ഹോസ്റ്റലിലും ഫോൺ ചാർജറുകളിൽ ഒളിപ്പിച്ച നിലയിൽ ക്യാമറകൾ കണ്ടെത്തിയിരുന്നു.