രാത്രി ഉറങ്ങിക്കിടക്കുമ്പോൾ വീടിന് തീപിടിച്ചു; തീ ആളിക്കത്തിയത് അറിഞ്ഞില്ല; പിന്നാലെ ദാരുണ അപകടം;കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വെന്ത് മരിച്ചു; രണ്ടുപേരെ രക്ഷിച്ചു
ലക്നൗ: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണ സംഭവം നടന്നത്. വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ അപകടം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. പുലർച്ചെ വീട്ടിലുള്ള എല്ലാവരും ഉറങ്ങുമ്പോഴായിരുന്നു തീ ആളിക്കത്തിയത്. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയ ശേഷം അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ചീഫ് ഫയർ ഓഫീസർ രാഹുൽ വ്യക്തമാക്കി. തീ പിടിത്തത്തിനിടെ രണ്ട് പേരെ പരിക്കേൽക്കാതെയും മറ്റ് രണ്ട് പേരെ പരിക്കുകളോടെയും രക്ഷിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
ആകെ നാല് നിലകൾ ഉണ്ടായിരുന്നു വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സഹോദരങ്ങളായ ഷാനവാസ്, ഷംസാദ് എന്നിവർ കുടുംബത്തോടൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ ഒന്നും രണ്ടും നിലകളിലായി ഇവർ ട്രാക്ക് സ്യൂട്ടുകൾ നിർമിക്കുന്ന സ്ഥാപനം നടത്തിയിരുന്നു.
താഴത്തെ നിലയിൽ തുണികൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തയ്യൽ മെഷീനുകളും തുണികളും കെട്ടിടത്തിൽ നിന്ന് കണ്ടെടുത്തു. ഏറ്റവും മുകളിലത്തെ നിലയിലാണ് രണ്ട് കുടുംബങ്ങളും താമസിച്ചിരുന്നത്.
തീപടർന്നപ്പോൾ തന്നെ ഷാനവാസും ഷംസാദും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷാനവാസിന്റെ ഭാര്യ ഗുൽബഹാർ (32), മക്കളായ ഷാൻ (8), ഷാൻ (9) എന്നിവരും ഷംസാദിന്റെ മകനായ സീഷാൻ (5) എന്നിവരുമാണ് മരിച്ചത്. ഷംസാദിന്റെ ഭാര്യ ആയിഷ (28), ഇളയ മകൻ അയാൻ (4) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.