ഹൈഡ്രജൻ ട്രെയിനുകൾ ഇന്ത്യയിലെത്തും; ഡിസംബറിൽ ട്രയൽ റൺ; നിലവിൽ ഈ സാങ്കേതികതയുള്ള ട്രെയിനുകൾ നാല് രാജ്യങ്ങൾക്ക് മാത്രം
ന്യൂഡൽഹി: ലോകത്ത് വിരലിലെണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള ട്രെയിൻ ഇനി ഇന്ത്യയിലും എത്തും. ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ട്രെയിനുകൾ വൈകാതെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ലോകത്ത് തന്നെ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന ട്രെയിനുകൾ ഉള്ളത് നാല് രാജ്യങ്ങളിൽ മാത്രമാണ്. ഈ ട്രെയിനുകൾ എത്തുന്നതോടെ ഹൈഡ്രജൻ സാങ്കേതികതയോടെ ഓടുന്ന ട്രെയിനുകളുള്ള അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. നിലവിൽ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജൻ ട്രെയിനുകളുള്ളത്. ഡെമു(ഡീസൽ ഇലക്‌ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളിൽ അവശ്യ സൗകര്യങ്ങൾ ചെയ്‌ത് ഇന്ത്യ പൈലറ്റ് പദ്ധതിയ്‌ക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ വർഷം ഡിസംബറോടെയാകും ആദ്യമായി ട്രെയിനുകൾ ഓടുന്നത്.
ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് പദ്ധതിപ്രകാരം 35 ഹൈഡ്രജൻ ട്രെയിനുകൾ ട്രയൽ റണ്ണിന് ശേഷം റെയിൽവെ ഇറക്കുമെന്നാണ് വിവരം. നോർത്തേൺ റെയിൽവെ സോണിൽ ഹരിയാനയിലെ ജിന്ദ്-സോണിപട് സെക്ഷനിലാകും ആദ്യ ഹൈഡ്രജൻ ഇന്ധനം നിറച്ച ട്രെയിനോടുക. പ്രോട്ടോടൈപ്പ് ട്രെയിനിനെ സംയോജിപ്പിച്ച് തയ്യാറാക്കുന്ന നടപടി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ നടക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ സൂചന നൽകുന്നു. പരീക്ഷണ അടിസ്ഥാനത്തിലുള്ള ഓട്ടം വിജയകരമായാൽ ട്രെയിനുകൾ യാത്ര ചെയ്യേണ്ടേ റൂട്ടുകൾ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും കൂടാതെ റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേരിട്ടുള്ള ശ്രദ്ധ ഈ പരിസ്ഥിതി സൗഹൃദ പദ്ധതിക്കുണ്ടെന്നും അധികൃതർ സൂചന നൽകി.
80 കോടി രൂപ ഓരോ ട്രെയിനിനായും അതിന്റെ അടിസ്ഥാന വികസനത്തിനായി 70 കോടി രൂപയും നീക്കി വയ്‌ക്കും. വിവിധ പാരമ്പര്യ, മലയോര മേഖലയിൽ ഇവ ഓടും. സീറോ കാർബൺ ബഹിർഗമനം എന്ന ബൃഹദ് ലക്ഷ്യം ഇന്ത്യയ്‌ക്ക് നേടാനായുള്ള ശ്രമമാണ് ഹെഡ്രജൻ ട്രെയിനുകൾ. പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌ടി ഓർഗനൈസേഷനിൽ നിന്നും ഹൈഡ്രജൻ പ്ളാന്റിന് വേണ്ട അനുമതി റെയിൽവെ നേടിയിട്ടുണ്ട്.
മാതേരാൻ-ഹിൽ റെയിൽവെ, ഡാർജിലിംഗ് ഹിമാലയൻ റെയിൽവെ, കൽക്ക-ഷിംല റെയിൽവെ, കംഗ്രാ വാലി, നീലഗിരി റെയിൽവെ എന്നിവിടങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ കൊണ്ടുവരാനാണ് ശ്രമം. എട്ട് പരമ്പരാഗത റൂട്ടുകളിൽ ആറ് ചെയർകാറുകളുള്ള ട്രെയിനുകൾ ഓടിക്കാനാണ് തീരുമാനം. ഇതിനായി 35 എച്ച് പവേർഡ് ട്രെയിനുകളാണ് ആരംഭിക്കുക.