കഞ്ചാവ് കൈവശം വെച്ചു; ഐഐടി ബാബ പോലീസ് പിടിയില്‍; പിടികൂടിയത് കഞ്ചാവല്ല പ്രസാദമാണെന്ന് ജാമ്യത്തിലിറങ്ങിയ ഐ.ഐ.ടി ബാബ

Update: 2025-03-03 16:08 GMT

ന്യൂഡല്‍ഹി: കഞ്ചാവ് കൈവശം വച്ചതിന് ഐഐടി ബാബയ്ക്കെതിരെ കേസ്. മഹാകുംഭമേളയിലൂടെ ശ്രദ്ധേയനായ ഐഐടി ബാബ എന്ന അഭയ് സിങ് കഞ്ചാവുമായി പിടിയില്‍. രാജസ്ഥാനിലെ ജയ്പുരിലുള്ള ഹോട്ടലില്‍ നിന്നാണ് പോലീസ് ഐഐടി ബാബയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരം കേസെടുത്തു. എന്നാല്‍, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ബാബ മാധ്യമങ്ങളോട് പറഞ്ഞു. റിദ്ദി സിദ്ധി മേഖലയിലെ ഹോട്ടലില്‍ താമസിക്കുന്ന ഐ.ഐ.ടി ബാബ പൊതുശല്യമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. അളവ് കുറവായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

താന്‍ അഘോരി ബാബയാണെന്നും ആചാരപ്രകാരം കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ ഐഐടി ബാബ പറഞ്ഞു. 'ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തു. ബഹളം ഉണ്ടാക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ വന്നത്. കുംഭമേളയിലെ മിക്കവാറും എല്ലാ ബാബമാരും പ്രസാദമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. അവരെയെല്ലാം അറസ്റ്റ് ചെയ്യുമോ?' -അദ്ദേഹം ചോദിച്ചു.

ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യില്‍നിന്ന് ബിരുദം നേടിയ അഭയ് സിങ് മഹാ കുംഭ മേളക്കിടെയാണ് ഐ.ഐ.ടി ബാബ എന്ന പേരില്‍ പ്രശസ്തനായത്. സത്യാന്വേഷണമാണ് തന്നെ ആത്മീയതയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News