നാല് വയസുകാരിയെ കഴുത്തറുത്ത് കൊന്നു; ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു; ഗുജറാത്തില്‍ വീണ്ടും നടുക്കുന്ന നരബലി

ഗുജറാത്തില്‍ വീണ്ടും നടുക്കുന്ന നരബലി

Update: 2025-03-11 11:12 GMT

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും നടുക്കുന്ന നരബലി. ഛോട്ടാ ഉദയ്പൂരിലാണ് സംഭവം. നാല് വയസുകാരിയെ അയല്‍വാസി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു. ബോഡേലി താലൂക്കിലെ പനേജ് ഗ്രാമത്തിലാണ് സംഭവം. റിഥ തദ്വി എന്ന നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസി ലാലാ തദ്വി(42)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ 8:30 ഓടെയാണ് ആക്രമണം നടന്നത്. റിഥ ഒന്നര വയസുള്ള അനുജനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമ്മ അടുക്കളയില്‍ ജോലികള്‍ ചെയ്യുകയായിരുന്നു. ആ സമയത്ത് ഇവരുടെ അയല്‍വാസിയായ പ്രതി മഴുവുമായെത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോയി. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിടിവലി നടക്കുന്നകതിനിടെ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു.

സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആയുധധാരിയായ പ്രതിയെ നേരിടാന്‍ ആരും തയാറായില്ല. തുടര്‍ന്ന് ലാല്‍ കുട്ടിയെ വീടിനകത്തേക്ക് കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുട്ടിയുടെ രക്തം വീടിനുള്ളില്‍ തന്നെയുള്ള ചെറിയ ക്ഷേത്രത്തിന്റെ പടിക്കെട്ടില്‍ തളിച്ചു.

റിഥയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നരബലി നടന്നതായാണ് പ്രാഥമിക നിഗമനമെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. പ്രതിയുടെ മാനസിക നില തകരാറിലാണെന്ന് പെരുമാറ്റത്തില്‍ നിന്നും സംശയമുണ്ട്. ഇത് പരിശോധിച്ച് വരുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണവും കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.

Tags:    

Similar News