അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റു; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂയോർക്ക്: പിറന്നാൾ ദിനത്തിൽ അബദ്ധത്തിൽ സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റ് 23കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഉപ്പൽ സ്വദേശിയായ ആര്യൻ റെഡ്ഡിയാണ് ജന്മദിനം ആഘോഷിക്കുന്നതിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്.
ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ആര്യൻ റെഡ്ഡി. അമേരിക്കയിൽ ഹണ്ടിംഗ് ഗൺ ലൈസൻസ് നേടിയിരുന്ന ആര്യൻ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ തെലങ്കാനയിൽ എത്തിക്കും.
ആര്യന്റെ മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വെടിയുണ്ട നെഞ്ചിൽ പതിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന ആര്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് അവിടെ ഹണ്ടിംഗ് ഗൺ ലൈസൻസ് നേടാനാകുമെന്ന് അറിയില്ലായിരുന്നുവെന്നും ഒരു രക്ഷിതാവും ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ആര്യൻ്റെ പിതാവ് സുദർശൻ റെഡ്ഡി പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിദേശത്ത് പഠിക്കാൻ അയയ്ക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.