ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങി; സ്വന്തം വിവാഹ റിസപ്ഷനില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ദമ്പതികള്‍

ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതോടെ യാത്ര മുടങ്ങി

Update: 2025-12-05 14:29 GMT

ബംഗളൂരു: ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ആയിരങ്ങളാണ് ദുരിതത്തിലായത്. ഇത്തരത്തില്‍ വെട്ടിലായവരാണ് ഐടി ജീവനക്കാരായ മേധ ക്ഷീര്‍സാഗറിനും സംഗമ ദാസും. ഇവരുടെ വിവാഹത്തിന്റെ റിസപ്ഷനാണ് പുതിയ രീതി പയറ്റേണ്ടി വന്നത്. യാത്ര മുടങ്ങിയതോടെ സ്വന്തം വിവാഹ സല്‍ക്കാരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു ദമ്പതികള്‍. ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതോടെ, ദമ്പതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേരുകയായിരുന്നു.

ബഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ മേധ ക്ഷീര്‍സാഗറിന്റെയും സംഗമ ദാസിന്റെയും സ്വീകരണം ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനില്‍ നടക്കാനിരിക്കുകയായിരുന്നു. മേധ ക്ഷീര്‍സാഗര്‍ ഹുബ്ബള്ളി സ്വദേശിയാണ്. ഒഡീഷയിലെ ഭുവനേശ്വര്‍ സ്വദേശിയാണ് സംഗമ ദാസ്. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിയെങ്കിലും സമയബന്ധിതമായി എത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

നവംബര്‍ 23 ന് ഭുവനേശ്വറില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബര്‍ 2 ന് ഭുവനേശ്വറില്‍ നിന്ന് ബെംഗളൂരുവിലേക്കും തുടര്‍ന്ന് ഹുബ്ബള്ളിയിലേക്കും ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ വിമാനങ്ങള്‍ പലതവണ വൈകിയതിനെ തുടര്‍ന്ന് കുടുങ്ങി. ഡിസംബര്‍ 3 ന് ഒടുവില്‍ വിമാനം റദ്ദാക്കി.

എന്നാല്‍ ഇതിനകം തന്നെ റിസപ്ഷന്‍ വേദിയില്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി അതിഥികള്‍ ഒത്തുകൂടിയിരുന്നു. ഇതോടെ ചടങ്ങിനായി ഒരുങ്ങി ദമ്പതികള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യക്ഷപ്പെടുകയായിരുന്നു.

Tags:    

Similar News