വിമാനത്തിന് പറന്നുയരുന്നതിനിടെ സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ശ്രമിച്ചിട്ടും പറന്ന് ഉയരാന്‍ കഴിഞ്ഞില്ല; എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചത് വലിയ ദുരന്തം ഒഴിവായി; യാത്രക്കാരില്‍ സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവും

Update: 2025-09-14 07:39 GMT

ലക്നൗ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ലക്നൗ-ഡല്‍ഹി വിമാനത്തിന് പറന്നുയരുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. 151 യാത്രക്കാരുമായി റണ്‍വേയില്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് പലതവണ ശ്രമിച്ചിട്ടും ഉയര്‍ന്നുയരാന്‍ കഴിഞ്ഞില്ല. റണ്‍വേ അവസാനിക്കാനിരിക്കെ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ച് വിമാനം സുരക്ഷിതമായി നിര്‍ത്തുകയായിരുന്നു. സമാജ്വാദി പാര്‍ട്ടി എംപി ഡിംപിള്‍ യാദവ് അടക്കം എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിമാനത്തിന്റെ സാങ്കേതിക പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ സുരക്ഷിതമായി ഡല്‍ഹിയിലേക്ക് മാറ്റി.

കഴിഞ്ഞ മാസം അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനവും പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ തിരിച്ചിറക്കേണ്ടിവന്നിരുന്നു. അതുപോലെ, ഓഗസ്റ്റില്‍ മുംബൈയിലെ കനത്ത മഴയ്ക്കിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ വാല്‍ ഭാഗം റണ്‍വേയില്‍ തട്ടിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വീണ്ടും സര്‍വീസില്‍ പ്രവേശിപ്പിക്കുകയുള്ളു.

Tags:    

Similar News