ഐഎസ്ആര്‍ഒ സ്‌പേഡെക്‌സ് ദൗത്യം; രണ്ടാം ഡോക്കിങ്ങും വിജയം; ഈ നേട്ടം ഇന്ത്യയെ ഡോക്കിങ് സാങ്കേതികത കൈവശമുള്ള ലോകത്തെ നാലാമത്തെ രാഷ്ട്രമാക്കി മാറ്റി; ഇന്ത്യയുടെ ചുവടുവയ്പ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മഹാശക്തികള്‍ക്ക് ശേഷം
ബംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മുന്നേറ്റമായി, ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിലെ രണ്ടാം ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായതായി സ്ഥിരീകരിച്ചു. 2024 ഡിസംബറില്‍ വിക്ഷേപിച്ച ഈ ദൗത്യത്തിന്റെ ഭാഗമായി എസ്ഡിഎക്‌സ്-01 (ചേസര്‍), എസ്ഡിഎക്‌സ്-02 (ടാര്‍ഗറ്റ്) എന്നീ ഉപഗ്രഹങ്ങള്‍ വീണ്ടും ബഹിരാകാശത്ത് ഡോക്ക് ചെയ്തതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എക്‌സില്‍ അറിയിച്ചു.
ഐഎസ്ആര്‍ഒ സംഘത്തെ മന്ത്രി അഭിനന്ദിച്ചു, ഈ നേട്ടം ഇന്ത്യയെ ഡോക്കിങ് സാങ്കേതികത കൈവശമുള്ള ലോകത്തെ നാലാമത്തെ രാഷ്ട്രമാക്കി മാറ്റുകയും ചെയ്തു. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ബഹിരാകാശ മഹാശക്തികള്‍ക്കു പിന്നാലെയാണ് ഇന്ത്യയുടെ ചുവടുവയ്പ്പ്.
2025 ജനുവരി 16ന് നടത്തിയ കന്നിയ ഡോക്കിംഗിന് പിന്നാലെയാണ് ഈ രണ്ടാം ഡോക്കിങ്. പിന്നീട് ഉപഗ്രഹങ്ങള്‍ അണ്‍ഡോക്കിംഗും വിജയകരമായി നടന്നു. ഇപ്പോഴിതാ വീണ്ടും ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്ത് ടെസ്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ, ഇന്ത്യയുടെ ഭാവിയിലേക്കുള്ള ബഹിരാകാശ പദ്ധതികള്‍ക്ക് ശക്തമായ തുണയായി സ്‌പേഡെക്‌സ് മാറുന്നു.
ഗഗന്‍യാന്‍, ബഹിരാകാശ നിലയം എന്നിവ ലക്ഷ്യമിട്ടുള്ള ഈ പരീക്ഷണ ദൗത്യത്തിലൂടെ ഡോക്കിങ്, ഊര്‍ജം കൈമാറ്റം, വേര്‍പെടുത്തല്‍ എന്നീ ഘട്ടങ്ങളിലൂടെ ഇന്ത്യ മുന്നേറുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുമെന്നതും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പിഎസ്എല്‍വി സി60 ഉപയോഗിച്ച് 2024 ഡിസംബര്‍ 30ന് ഈ ദൗത്യത്തിന്റെ തുടക്കം. ഇന്ത്യയുടെ ബഹിരാകാശ പ്രതിഭാസങ്ങള്‍ക്കായി ഈ നേട്ടം വഴിയൊരുക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.