ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം; ഛത്തീസ്ഗഡില്‍ നിന്ന് പുരസ്‌കാരം ലഭിക്കുന്ന ആദ്യ എഴുത്തുകാരന്‍
വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം
ന്യൂഡല്‍ഹി: 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് സമ്മാനിക്കും. ഛത്തീസ്ഗഢ് സ്വദേശിയായ 88-കാരനായ വിനോദ് കുമാര്‍ ശുക്ല നോവലിസ്റ്റ്, കഥാകാരന്‍, കവി, എന്നീ നിലകളില്‍ പ്രശസ്തനാണ്. ഛത്തീസ്ഗഢില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം.
എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, ജാനകി പ്രസാദ് ശര്‍മ, മധുസൂദനന്‍ ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
1999ല്‍ വിനോദ് കുമാര്‍ ശുക്ലക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത സമാഹാരം. ദീവാര്‍ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കര്‍ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ പ്രശസ്ത നോവലുകളും വിനോദ് കുമാര്‍ ശുക്ല രചിച്ചു. 11 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.