റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് യൂട്യൂബര്‍ ഒഴുകിപ്പോയി; അപകടം ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് യൂട്യൂബര്‍ ഒഴുകിപ്പോയി
ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് യൂട്യൂബര്‍ ഒഴുകിപ്പോയി. ദുഡുമ വെള്ളച്ചാട്ടത്തിന്റെ റീല്‍സ് ചിത്രീകരിക്കുന്നതിടെ യുവാവ് ശക്തമായ ഒഴുക്കില്‍പ്പെടുക ആയിരുന്നു. ഡാം തുറന്ന് വിട്ടതോടെ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ശക്തമായ ഒഴുക്കുണ്ടായതാണ് അപകട കാരണം. ബെര്‍ഹാംപുര്‍ സ്വദേശിയായ സാഗാര്‍ ടുഡു എന്ന യുട്യൂബറാണ് ഒഴുക്കില്‍പ്പെട്ടതെന്നാണ് വിവരം. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു സാഗര്‍. കോരാപുട്ടില്‍ കനത്തമഴയെ തുടര്‍ന്ന് മച്ച്കുണ്ഡ് ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യമായിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയതിനുശേഷം ഡാം തുറന്നുവിട്ടപ്പോള്‍ യുവാവ് ഒരു പാറയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വര്‍ധിച്ചതോടെ സാഗര്‍ പാറയുടെ മുകളില്‍ കുടുങ്ങി. ശക്തമായി വെള്ളം ഒഴുകിയെത്തിയതോടെ പാറയില്‍ നിന്ന സാഗര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാരും വിനോസഞ്ചാരികളും ചേര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മച്ച്കുണ്ഡ് പൊലീസും അഗ്‌നിശമന സേനയും എത്തി തിരച്ചില്‍ ആരംഭിച്ചു. സാഗര്‍ തന്റെ യുട്യൂബ് ചാനലിന് വേണ്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ദുഡുമ വെള്ളച്ചാട്ടത്തിനു സമീപം സുഹൃത്തുമായി എത്തിയതെന്നാണ് വിവരം.