കള്ളക്കുറിച്ചിയിൽ നടന്നത് സമൂഹത്തിനുള്ള മുന്നറിയിപ്പ്; പോയത് 68 പേരുടെ ജീവൻ; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വടിയെടുത്ത് മദ്രാസ് ഹൈക്കോടതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
ചെന്നൈ: തമിഴ്‌നാടിനെ ഏറെ ഞെട്ടിച്ച ദുരന്തമായിരുന്നു കള്ളക്കുറിച്ചിയിലെ മദ്യദുരന്തം. വരുത്തുവച്ച ദുരന്തത്തിൽ 68 പേരാണ് മരിച്ചത്. വിഷമദ്യ ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ട് പുറത്തുവന്നിരിന്നു. വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽ നിന്നും മദ്യവാറ്റു സംഘം എത്തിക്കുകയായിരുന്നു എന്നാണ് നിഗമനം.
ഇപ്പോഴിതാ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വ്യാജമദ്യത്തിന്റെ ഒഴുക്ക് പോലീസ് അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി പരാമർശിച്ചു. കള്ളക്കുറിച്ചിയിൽ പോലീസ് കണ്ണടച്ചെന്ന് വിമർശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും വ്യക്തമാക്കി.
മദ്യദുരന്തത്തിൽ 68 പേരുടെ ജീവനാണ് നഷ്ടമായത്. എഐഎഡിഎംകെ, പിഎംകെ, ബിജെപി നേതാക്കൾ നൽകിയ വിവിധ ഹർജികളിലാണ് കോടതി ഉത്തരവ്. വ്യാജമദ്യ വില്പനയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളിൽ ഒരാഴ്ച മുൻപ് റിപ്പോർട്ടുണ്ടായിരുന്നു. എന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കോടതി നിർദേശിക്കുകയും ചെയ്തു.