സ്റ്റൗ അലക്ഷ്യ ഉപയോഗിച്ചു; പിന്നാലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; ഒമ്പത് പേർക്ക് പരിക്ക്; സംഭവം കർണാടകയിൽ
ബംഗളുരു: പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. കർണാടകയിലെ ഹുബ്ബള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഏഴ് അയ്യപ്പ ഭക്തമാർ ചികിത്സയിൽ കഴിയുകയാണ്. മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നവരാണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന ഏഴ് പേരും ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തുവെച്ച് ഭക്തരുടെ സംഘത്തിലെ ഒരാൾ എൽപിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോർച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു.
ചോർച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്തു. ഭക്തർ കിടന്നുറങ്ങിയിരുന്ന മുറിയ്ക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ സാധിക്കാതെ ഇവർ മുറിയ്ക്കുള്ളിൽ കുടുങ്ങി പോവുകയായിരുന്നു.