അത് ഭാഷാപരമായി വന്ന ചെറിയൊരു പിശക്; ഒന്ന് ക്ഷമിച്ചു കളഞ്ഞേക്ക്..ഇനി ഒരു പ്രശ്‌നം വേണ്ട; കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വീണ്ടും ക്ഷമാപണവുമായി മന്ത്രി
ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിയ്‌ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ്ടും ഖേദ പ്രകടനവുമായി മധ്യപ്രദേശ് മന്ത്രി വിജയ് ഷാ രംഗത്ത്. തന്റെ ഭാഗത്തുനിന്നുണ്ടായത് 'ഭാഷാപരമായ പിശകാ'ണെന്നാണ് ഷായുടെ പുതിയ ന്യായീകരണം.
ഏതെങ്കിലും മതവിഭാഗത്തെ മനഃപൂര്‍വം അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബിജെപി മന്ത്രി വ്യക്തമാക്കി. മുഴുവന്‍ ഇന്ത്യന്‍ സേനയോടും സഹോദരി കോണല്‍ സോഫിയയോടും രാജ്യത്തെ എല്ലാ ജനങ്ങളോടും ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായി വീഡിയോ സന്ദേശത്തില്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ...
'കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പഹല്‍ഗാമിലുണ്ടായ നീചമായ കൂട്ടക്കൊലപാതകത്തില്‍ താന്‍ ഏറെ ദുഃഖത്തിലും മാനസികപ്രയാസത്തിലുമായിരുന്നുവെന്നും രാജ്യത്തോട് തനിക്കെപ്പോഴും അളവറ്റ സ്‌നേഹവും സൈന്യത്തോട് ബഹുമാനവുമുണ്ടെന്നും 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. സമുദായത്തേയും മതത്തേയും ജനങ്ങളേയും തന്റെ വാക്കുകള്‍ വ്രണപ്പെടുത്തിയതായും താനൊരിക്കല്‍ കൂടി ആത്മാര്‍ഥമായി ക്ഷമാപണം നടത്തുന്നതായും' ഷാ കൂട്ടിച്ചേർത്തു.