ഡൽഹിയിൽ പാർലമെൻ്റിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; യുവാവ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി; കേസുകളിൽ നേരെ അന്വേഷണം നടത്തുന്നില്ലെന്ന് മരണമൊഴി; കണ്ണീരോടെ ഉറ്റവർ!

Update: 2024-12-27 13:03 GMT

ഡൽഹി: ഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് ജീവനൊടുക്കി മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ശേഷം ഡൽഹിയിലെ ആ‍ർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ബുധനാഴ്ച രാവിലെ നാട്ടിൽ നിന്നും പെട്രോളുമായി ഡൽഹിയിലെത്തിയ ജിതേന്ദ്ര നേരെ പാർലമെൻ്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വൈകീട്ട് മൂന്നരയ്ക്കാണ് പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ റോഡിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു.

പാർലമെന്റിന് സമീപമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നനഞ്ഞ തുണി ദേഹത്തേക്കിട്ട് തീ അണച്ചു. പോലീസ് വാഹനത്തില്‍ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

യുപിയിലെ ബാഗ്പത് സ്വദേശിയാണ് ജിതേന്ദ്ര കുമാര്‍. ഉത്തർ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റ‍ർ കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ ഡൽഹി പോലീസിന് ഇദ്ദേഹം നൽകിയ മരണമൊഴി.

Tags:    

Similar News