വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പിന്നാലെ ആത്മഹത്യ ചെയ്തു
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്
ബെലഗാവി:കര്‍ണാടകയിലെ ബെലഗാവിയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. 29കാരനായ പ്രശാന്ത് കുന്ദേക്കറാണ് ഐശ്വര്യ മഹേഷ് ലോഹറിനെ (20) വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. നാഥ് പൈ സര്‍ക്കിളിനടുത്തുള്ള വീട്ടില്‍ വെച്ച് ഇയാള്‍ ഐശ്വര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിന്നീട് പ്രതി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തു. ഇയാള്‍ പെയിന്റിങ് തൊഴിലാളിയായിരുന്നു. ബെലഗാവി താലൂക്കിലെ യെല്ലൂര്‍ ഗ്രാമവാസിയാണ് പ്രശാന്ത്. ഐശ്വര്യയുമായി ഇയാള്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ, പ്രശാന്ത് പെണ്‍കുട്ടിയുടെ അമ്മയോടും മകളെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ പ്രശാന്ത് എത്തി വിവാഹാഭ്യര്‍ഥന നടത്തി. നിരസിച്ചപ്പോള്‍ പ്രശാന്ത് പോക്കറ്റില്‍ നിന്ന് കത്തി എടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.