ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ സംഘര്‍ഷം; 14 മാവോവാദികളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ സുരക്ഷാസേന തലയ്ക്ക് ഒരു കോടി വിലയിട്ട മാവോവാദി നേതാവ് ചലപതിയും

Update: 2025-01-21 07:11 GMT

റായ്പുര്‍: ഛത്തീസ്ഗഢ്-ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഗരിയാബാദിലാണ് സംഭവം. സെല്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവും മാവോവാദി നേതാവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകള്‍, ഒഡിഷ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സി.ആര്‍.പി.എഫ് എന്നീ സേനകള്‍ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്.

ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള വനത്തില്‍ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12-ന് മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടതാണ് ഇതിന് തൊട്ടുമുമ്പുണ്ടായ സംഭവം. ജനുവരി ഒമ്പത്, ആറ് തിയ്യതികളിലും എന്‍കൗണ്ടറുകളില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിന് പിന്നാലെ വനമേഖലയില്‍ നിന്ന് വലിയ തോതില്‍ ആയുധ ശേഖരവും കണ്ടെത്തി.

രണ്ട് വനിതാ മാവോയിസ്റ്റുകളെ വധിച്ച സംഭവത്തിന് പിന്നാലെയാണ് 14 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഛത്തീസ്ഗഡില്‍ കോബ്ര ജവാന്മാരുമായുണ്ടായ ഏറ്റുമുട്ടലിലാണ് നേരത്തെ രണ്ട് വനിതാ നക്‌സലുകള്‍ കൊല്ലപ്പെട്ടത്. ഇതോടെ രണ്ട് ദിവസത്തിനിടെ വധിക്കപ്പെട്ട നക്‌സലുകളുടെ എണ്ണം 14 ആയി.

Similar News