നിർമാണ പ്രവർത്തനത്തിനിടെ അപകടം; ഭാരമുള്ള ലോഹ വസ്തു താഴേക്ക് കുതിച്ചെത്തി; പതിച്ചത് കാൽനട യാത്രക്കാരന്റെ കഴുത്തിൽ; ദാരുണാന്ത്യം; അബദ്ധത്തിൽ വീണതാകാമെന്ന് പോലീസ്
ജബൽപൂർ: ഫ്ലെക്സ് വെയ്ക്കുന്നതിനായി പരസ്യ ബോർഡ് സ്ഥാപിക്കാനുള്ള പ്രവർത്തനത്തിനിടെ ഉണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ജബൽപൂരിലാണ് ശനിയാഴ്ച അപകടം നടന്നത്. പരസ്യ ബോർഡ് നിർമാണ പ്രവർത്തനത്തിനിടെ ലോഹ നിർമിതമായ ഭാരമുള്ള ഒരു വസ്തു താഴേക്ക് പതിക്കുകയായിരുന്നു. ഇത് താഴെ നിൽക്കുകയായിരുന്ന കാൽനട യാത്രക്കാരന്റെ കഴുത്തിലാണ് വന്ന് പതിച്ചത്.
ജബൽപൂരിലെ അലഹബാദ് ബാങ്ക് ചൗക്കിൽ ഒരു ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മുനിസിപ്പാലിറ്റിയിലെ കരാർ തൊഴിലാളികളാണ് ബോർഡ് സ്ഥാപിച്ചു കൊണ്ടിരുന്നത്. ഇതിനിടെ ഇവരുടെ കൈയിൽ നിന്ന് മൂർച്ചയുള്ള ഒരു വസ്തു അബദ്ധത്തിൽ താഴേക്ക് പതിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരങ്ങൾ.
ബോർഡ് നിർമാണം നടക്കുന്നതിന്റെ താഴെ നിൽക്കുകയായിരുന്ന കിഷൻ കുമാർ രജക് എന്നയാളുടെ കഴുത്തിലേക്കാണ് ഇത് വീണത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.