പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ അച്ഛനെ വെടിവച്ച് കൊന്ന് ബി. ഫാം വിദ്യാര്‍ഥി; യുവാവ് ഒരു മാസം തയ്യാറെടുപ്പു നടത്തിയ കൊലപാതകമെന്ന് പോലീസ്
പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയുടെ അച്ഛനെ വെടിവച്ച് കൊന്ന് ബി. ഫാം വിദ്യാര്‍ഥി
നോയിഡ: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തി 23കാരന്‍. മൂന്നാം വര്‍ഷ ബിഫാം വിദ്യാര്‍ഥിയായ ദീപക് ഗോസ്വാമിയാണ് അറസ്റ്റിലായത്. ഗൗതം ബുദ്ധ നഗറിലെ ബംബാവാഡ് സ്വദേശിയായ മഹിപാല്‍ (45) ആണ് കൊല്ലപ്പെട്ടത്.
നോയിഡയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മഹിപാലിന്റെ മകളെ ദീപകിന് വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ യുവതി താല്‍പര്യമില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ദീപക്കിന്റെ കയ്യില്‍ നിന്ന് തോക്ക്, തിരകള്‍, ഐഫോണ്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ധൂം ബൈപാസില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
മഹിപാലിന്റെ നെഞ്ചില്‍ രണ്ട് തവണയാണ് 23കാരന്‍ നിറയൊഴിച്ചത്. ഈസ്റ്റേണ്‍ പെരിഫെറല്‍ എക്‌സ്പ്രസ് വേയില്‍ നിന്നാണ് മഹിപാലിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് വഴിയാത്രക്കാര്‍ മധ്യവയസ്‌കനെ പരിക്കേറ്റ നിലയില്‍ കണ്ട വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
50ലേറെ സിസിടിവി പരിശോധിച്ചതിലാണ് അക്രമിയിലേക്കുള്ള സൂചന ലഭിച്ചത്. മഹിപാല്‍ മകളുടെ വിവാഹം ഡിസംബര്‍ മാസത്തില്‍ നടത്താന്‍ തീരുമാനിച്ചതാണ് 23കാരനെ പ്രകോപിതനാക്കിയത്. നിരവധി തവണ യുവതിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ടതോടെയാണ് വിവാഹം മുടക്കാന്‍ മഹിപാലിനെ കൊലപ്പെടുത്താന്‍ ദീപക് തീരുമാനിച്ചത്.