സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമം; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി
മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ലോകായുക്തയില്‍ പരാതി. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാര്‍ഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാര്‍ത്ഥ് വിഹാര്‍ ട്രസ്റ്റിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് പ്രധാന ആരോപണം.
മുഡ കുംഭകോണത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനും കുടുംബത്തിനുമെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മന്ത്രി പ്രിയങ്ക് എം ഖാര്‍ഗെ, രാഹുല്‍ എം ഖാര്‍ഗെ, രാധാഭായ് എം ഖാര്‍ഗെ, രാധാകൃഷ്ണ, കര്‍ണാടക മന്ത്രി എം ബി പാട്ടീല്‍, ഐഎഎസ് ഉദ്യോഗസ്ഥന് ഡോ എസ് സെല്‍വകുമാര്‍ എന്നിവരെയാണ് പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
രണ്ട് വ്യത്യസ്ത സര്‍ക്കാര്‍ ഏജന്‍സികള്‍ സിദ്ധാര്‍ഥ് വിഹാര്‍ ട്രസ്റ്റിന് സ്വത്തുക്കള്‍ അനുവദിച്ചതായി പരാതിയില്‍ പറയുന്നു. 394 പേജുകളുള്ള രേഖകളാണ് ബിജെപി നേതാവ് തന്റെ വാദങ്ങള്‍ ശരിവെക്കുന്നതിന് തെളിവായി സമര്‍പ്പിച്ചിരിക്കുന്നത്. പരാതിയില്‍ പേരുള്ളവരുടെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് രമേശ് ആവശ്യപ്പെട്ടു.