മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ഇഡി അന്വേഷണം; കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി
മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ഇഡി അന്വേഷണം
ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സിദ്ധരാമയ്യക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരെ എഫ്‌ഐആറിന് സമാനമായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ഇഡി ഫയല്‍ ചെയ്തു.
സിദ്ധരാമയ്യ, ഭാര്യ ബിഎന്‍ പാര്‍വതി, ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, മല്ലികാര്‍ജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവര്‍ക്ക് എതിരെയാണ് പ്രാഥമിക അന്വേഷണം. സിദ്ധരാമയ്യ അടക്കം 4 പേര്‍ക്ക് എതിരെയും ചുമത്തിയിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമ പ്രകാരമുള്ള വകുപ്പുകളാണ്.
നേരത്തെ, കേസില്‍ സിദ്ധരാമയ്യക്കെതിരെ ബെംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. ഗവര്‍ണര്‍ക്കെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
സാധാരണ ഗവര്‍ണര്‍ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.