വയസ്സായാൽ ഇപ്പോ..എന്താ കുഴപ്പം; റോഡിലൂടെ ഒരു പേടിയുമില്ലാതെ ഓട്ടോ ഓടിക്കുന്ന ആളെ കണ്ട് ഞെട്ടൽ; ഡ്രൈവ് ചെയ്താൽ ഒരു ദിവസം 600 രൂപ സമ്പാദ്യം; അമ്മച്ചി ആള് പുലിയാണ്
സത്താറ: സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി 65-ാം വയസ്സിൽ ഓട്ടോറിക്ഷ ഡ്രൈവറായി മാതൃകയാവുകയാണ് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിൽ നിന്നുള്ള മംഗള ആവ്ലെ. സാമൂഹികമായ മുൻധാരണകളെ തകർത്ത്, സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തി, പലർക്കും പ്രചോദനമാവുകയാണ് ഈ മുത്തശ്ശി. ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ സത്താറയിലെ കരാടിലും ഉണ്ടേലിലും ഓട്ടോ ഓടിച്ച് പ്രതിദിനം 500 മുതൽ 600 രൂപ വരെയാണ് ഇവർ സമ്പാദിക്കുന്നത്.
'മംഗള ആജി' എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന ഇവർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. മക്കളെ സാമ്പത്തികമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് ബിബിസി റിപ്പോർട്ട് പ്രകാരം മംഗള ആവ്ലെ പറയുന്നു. സ്വന്തം മരുന്നുകൾക്കും മകന്റെ കുടുംബത്തെ സഹായിക്കുന്നതിനും ഈ വരുമാനം മംഗള ആജിയെ സഹായിക്കുന്നുണ്ട്.
മംഗള ആവ്ലെയുടെ ജീവിതയാത്ര അവരുടെ സഹനശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. ഭർത്താവിന്റെ മരണശേഷം നാല് മക്കളെ ഒറ്റയ്ക്ക് വളർത്തിയ അവർ, മക്കളുടെ വിദ്യാഭ്യാസവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കാൻ കൂലിപ്പണിക്ക് പോയി. നിലവിൽ ഇവരുടെ മകൻ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായി ജോലി ചെയ്യുന്നു, പെൺമക്കൾ വിവാഹിതരായി.
മാസങ്ങൾക്ക് മുൻപാണ് മംഗള ആജി ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ചത്. മൂന്ന് ദിവസം കൊണ്ട് ഓട്ടോറിക്ഷയുടെ പ്രവർത്തനവും പതിനഞ്ച് ദിവസം കൊണ്ട് ഡ്രൈവിംഗും താൻ പഠിച്ചതായി അവർ പറയുന്നു. ഓട്ടോ ഡ്രൈവിംഗ് പഠിപ്പിച്ചത് മകനാണെന്നും മംഗള ആവ്ലെ കൂട്ടിച്ചേർത്തു. സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല, അന്തസ്സും ആത്മാഭിമാനവും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവസരം കൂടിയാണ് അമ്മയുടെ ഈ തീരുമാനമെന്ന് മകൻ പറയുന്നു.