തന്റെ മരണ ശേഷം നോക്കാന്‍ ബന്ധുക്കളില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുന്‍ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുന്‍ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍
ബെംഗളൂരു: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് ബന്ധുക്കളില്ലെന്നും താന്‍ മരിച്ചാല്‍ ഭാര്യയെ നോക്കാന്‍ ആരുമില്ലെന്ന ആശങ്കയിലാണ് കൊലനടത്തിയതെന്നാണ് അറസ്റ്റിലായ പ്രതി പോലിസിന് മൊഴി നല്‍കിയത്. ബെംഗളൂരുവിലെ അലവഹള്ളിയിലുള്ള അപാര്‍ട്ട്‌മെന്റിലാണ് കൊലപാതകം നടന്നത്. സന്ധ്യ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് നാഗാലേശ്വര റാവുവാണ് കൊലപാതകം നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന സംശയത്തിലാണ് പോലിസ്. വീട്ടില്‍ ഭാര്യയോടൊപ്പം ഇരിക്കുമ്പോള്‍ നാഗാലേശ്വര റാവു അവരെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അതേസമയം ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടെന്നും വൈദ്യപരിശോധന പൂര്‍ത്തിയാവുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. സന്ധ്യക്ക് ബന്ധുക്കളില്ലെന്നും ഭാവിയേക്കുറിച്ചുള്ള ഭീതി മൂലമാണ് കൊലപാതകമെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ നാഗാലേശ്വര റാവുവിന് മാനസികവെല്ലുവിളി നേരിടുന്നുവെന്ന സംശയത്തിലാണ് പൊലീസുള്ളത്.
ദമ്പതികള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്ന ഒരു മകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പ്രതിയുടെ മൊഴിക്ക് വിപരീതമാണ്. അതുകൊണ്ട് തന്നെ ഇയാളുടെ വാദങ്ങളില്‍ പല സംശയങ്ങളും ഉയരുന്നുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. നിലവില്‍ നാഗാലേശ്വര റാവുവിനെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.