'സമാധാനമായിരിക്കൂ, കാരണം ഞാന്‍ തിരിച്ചുവരും'; അന്ന് പറഞ്ഞത് സത്യമായി; പത്ത് കൊല്ലത്തിനുശേഷം വൈറലായി ഒമര്‍ അബ്ദുള്ളയുടെ പോസ്റ്റ്

പത്ത് കൊല്ലത്തിനുശേഷം വൈറലായി ഒമര്‍ അബ്ദുള്ളയുടെ പോസ്റ്റ്

Update: 2024-10-08 16:14 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം സ്വന്തമാക്കിയിരിക്കുകയാണ് ഒമര്‍ അബ്ദുള്ളയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സും. ഒമര്‍ മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പഴയ ഒരു സാമൂഹിക മാധ്യമ പോസ്റ്റ് ആഘോഷമാക്കുകയാണ് പാര്‍ട്ടി അനുയായികള്‍ ഉള്‍പ്പെടെയുള്ളവര്‍.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം ഒമര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വരികളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. സമാധാനമായിരിക്കൂ, കാരണം ഞാന്‍ തിരിച്ചുവരും എന്നാണ് അദ്ദേഹം അന്ന് പോസ്റ്റ് ചെയ്തിരുന്നത്. ഒമര്‍ അന്നുപറഞ്ഞ തിരിച്ചുവരവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്. 51 സീറ്റുകളില്‍ മത്സരിച്ച നാഷണല്‍ കോണ്‍ഫറന്‍സ് 42 ഇടങ്ങളിലും 32 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടങ്ങളിലും വിജയം രുചിച്ചു. രണ്ട് സീറ്റുകളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള ഈ രണ്ടിടത്തും വിജയിച്ചു. ബദ്ഗാം, ഗന്ദേര്‍ബാല്‍ മണ്ഡലങ്ങളിലായിരുന്നു ഒമര്‍ അബ്ദുള്ള മത്സരിച്ചത്.

Tags:    

Similar News