മുഖ്യമന്ത്രിയെന്ന പരിഗണന വേണ്ടെന്ന് അറിയിച്ചു; മുഡ കേസില്‍ സിദ്ധരാമയ്യയെ ചോദ്യം ചെയ്തത് രണ്ട് മണിക്കൂറോളം
മുഡ കേസില്‍ സിദ്ധരാമയ്യയെ ചോദ്യം ചെയ്തത് രണ്ട് മണിക്കൂറോളം
മൈസൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) കേസുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ബുധനാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൈസൂര്‍ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിന്റെ ഓഫീസില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ 10.10ഓടെ എത്തിയ മുഖ്യമന്ത്രിയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് പുറത്തുവിട്ടു. പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരു നഗരത്തിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി.
താന്‍ മുഖ്യമന്ത്രിയാണെന്ന കാര്യം പരിഗണിക്കാതെ, അന്വേഷണത്തിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും തന്നോട് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. ഭൂമി അനുവദിക്കല്‍, പരിവര്‍ത്തനം, ഒടുവില്‍ അനുവദിച്ച സൈറ്റുകള്‍ തിരികെ നല്‍കല്‍ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. മുഡയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കര്‍ണാടകയുടെ ചരിത്രത്തില്‍ അധികാരത്തിലിരിക്കെ ലോകായുക്ത അന്വേഷണം നേരിടുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം നേരിടുന്നത്. ബെംഗളൂരുവില്‍ നിന്ന് മൈസൂരിലെത്തിയ സിദ്ധരാമയ്യയെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സാമൂഹികക്ഷേമ മന്ത്രി എച്ച് സി മഹാദേവപ്പ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കിടേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നവംബര്‍ 26ന് ഹൈക്കോടതി പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയാണ് രണ്ടാം പ്രതി. ഭര്‍തൃസഹോദരന്‍ മല്ലികാര്‍ജുനസ്വാമി, മൂന്നാം പ്രതി, ഭൂവുടമ നാലാം പ്രതി ജെ.ദേവരാജു എന്നിവരെ ലോകായുക്ത നേരത്തെ ചോദ്യം ചെയ്തിരുന്നു.