വിശേഷണം 'സാധാരണക്കാരന്‍'; താമസം 'കണ്ണാടിമാളികയില്‍'; കെജ്രിവാളിന്റെ വസതി 'അഴിമതിയുടെ കാഴ്ചബംഗ്ലാവ്'; വിമര്‍ശനവുമായി ബിജെപി

കെജ്രിവാളിന്റെ വസതി 'അഴിമതിയുടെ കാഴ്ചബംഗ്ലാവ്'; വിമര്‍ശനവുമായി ബിജെപി

Update: 2024-12-10 13:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെ ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ടുള്ള വിവാദം കുത്തിപ്പൊക്കി വീണ്ടും ബിജെപി നേതൃത്വം രംഗത്ത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് താമസിച്ചിരുന്ന വസതിയുടെ ചിത്രം പങ്കുവച്ചാണ് വിമര്‍ശനം കടുപ്പിക്കുന്നത്. 'സാധാരണക്കാരന്‍' ( ആം ആദ്മി) എന്ന് സ്വയം വിശേഷിപ്പിക്കുന്ന കെജ്രിവാളിന്റെ ആഡംബരവസതിയുടെ യഥാര്‍ഥചിത്രമാണ് ജനങ്ങളുടെ മുന്നിലെത്തിക്കുന്നതെന്ന കുറിപ്പോടെ വസതിയുടെ പ്രത്യേകതകള്‍ വിശദീകരിച്ചാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സിക്സ് ഫ്‌ളാഗ് സ്റ്റാഫ് റോഡിലുള്ള ബംഗ്ലാവിനെ 'കണ്ണാടി മാളിക' (ശീശ് മഹല്‍) എന്നാണ് ബി.ജെ.പി. വിശേഷിപ്പിച്ചിരിക്കുന്നത്. ആഡംബരത്തിന്റെ അതിപ്രസരമാണ് മുഖ്യമന്ത്രിയുടെ വസതിയിലെന്നാണ് ബി.ജെ.പിയുടെ ആരോപണം. 'അഴിമതിയുടെ കാഴ്ചബംഗ്ലാവ്' എന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ ബംഗ്ലാവിന്റെ വീഡിയോ പങ്കുവെച്ച് പരാമര്‍ശിച്ചത്. എക്‌സിലൂടെ വിരേന്ദ്ര സച്ച്‌ദേവ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ജനങ്ങളുടെ പണം ചൂഷണം ചെയ്ത് തനിക്കായി സെവന്‍ സ്റ്റാര്‍ റിസോര്‍ട്ട് പണികഴിപ്പിച്ചിരിക്കുകയാണ് കെജ്രിവാള്‍ എന്നാണ് ബി.ജെ.പി. നേതാവിന്റെ ആരോപണം. 3.75 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവില്‍ ജിം, സ്പാ ഉള്‍പ്പെടെയുള്ള ആഡംബരസൗകര്യങ്ങളുണ്ടെന്നും വസതി നിര്‍മാണത്തിനായി ചെലവഴിച്ച തുകയുണ്ടെങ്കില്‍ സാധാരണജനങ്ങള്‍ക്ക് ഫ്‌ളാറ്റുകളും ഓട്ടോറിക്ഷകളും വാങ്ങാമെന്നും പോസ്റ്റില്‍ പറയുന്നു.

ബംഗ്ലാവിന്റെ യഥാര്‍ഥചിത്രം ഡല്‍ഹി ജനതയില്‍ നിന്ന് ഒളിപ്പിച്ചുവെക്കാനാണ്‌കെജ്രിവാള്‍ ആഗ്രഹിക്കുന്നതെന്നും ബംഗ്ലാവില്‍ നിന്നുള്ള കാഴ്ചകളുടെ ആദ്യവീഡിയോയാണ് തങ്ങള്‍ പങ്കുവെച്ചതെന്നും സച്ച്‌ദേവ എഎന്‍ഐയോട് പ്രതികരിച്ചു. കെജ്രിവാളിന്റെ പക്കലുള്ള കള്ളപ്പണത്തിന്റെ തെളിവാണിതെന്നും ബംഗ്ലാവ് ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി തുറന്നുനല്‍കണമെന്നും താന്‍ ഏതുവിധത്തിലാണ് ജനങ്ങളെ വിഡ്ഢികളാക്കിയതെന്ന് കെജ്രിവാള്‍ തുറന്നുസമ്മതിക്കണമെന്നും അഴിമതി നിറഞ്ഞ എ.എ.പി. സര്‍ക്കാര്‍ സംസ്ഥാനത്തെ മാനംകെടുത്തിയെന്നും സച്ച്‌ദേവ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ എ.എ.പി. നിഷേധിച്ചു. അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പാര്‍ട്ടി പ്രതികരിച്ചു. ബി.ജെ.പിയ്ക്ക് നേരെയുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണിവയെന്നും എ.എ.പി. ആരോപിച്ചു. ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലെ സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്കായുള്ള ഫണ്ടുകളുടെ വിനിയോഗത്തിലെ പിടിപ്പുകേടുകളെ കുറിച്ച് അവിടങ്ങളിലെ ബി.ജെ.പി. സര്‍ക്കാരുകള്‍ വിശദീകരണം നല്‍കുന്നതിനുപകരം കെജ്രിവാളിന്റെ പഴയ ഔദ്യോഗികവസതിയുടെ കാര്യത്തില്‍ ശ്രദ്ധചെലുത്തുകയാണെന്നും എ.എ.പി. പറഞ്ഞു

Tags:    

Similar News