ഭക്ഷണവും വെള്ളവുമില്ലാതെ കുഴല്‍ കിണറില്‍ കുടുങ്ങിയത് പത്ത് ദിവസം; ദിവസങ്ങള്‍ നീണ്ട രക്ഷാദൗത്യം; ഒടുവില്‍ മരണത്തിന് കീഴടങ്ങി മൂന്ന് വയസുകാരി
കുഴല്‍ കിണറില്‍ കുടുങ്ങിയ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി
ന്യൂഡല്‍ഹി: പത്ത് ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ കുഴല്‍ കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താനായില്ല. പത്ത് ദിവസമായി കുട്ടി കുഴല്‍ കിണറില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി കിടക്കുകയായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കുട്ടിയെ പുറത്തെടുത്തിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിലെ മന്ദഗതിയെ വിമര്‍ശിച്ച് കുട്ടിയുടെ അമ്മ ധോളി ദേവി രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ 23-നാണ് കോട്ട്പുത്ലിയിലെ കിരാത്പുര സ്വദേശിയായ ചേത്ന എന്ന മൂന്ന് വയസുകാരി കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണത്. 700 അടി താഴ്ചയുള്ള കിണര്‍ ആയിരുന്നു ഇത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ കുടുംബം കുട്ടി കിണറില്‍ വീണതായി കണ്ടെത്തി. അധികം വൈകാതെ, രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനകളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി.
പൈപ്പ് വഴി കിണറിനുള്ളിലേക്ക് ഓക്സിജന്‍ എത്തിച്ചിരുന്നു. കുട്ടിയെ ഉയര്‍ത്തിയെടുക്കാനുള്ള ആദ്യ ശ്രമങ്ങളെല്ലാം പരാചയപ്പെട്ടതോടെ. രക്ഷാപ്രവര്‍ത്തകര്‍ കുഴിയെടുത്ത് കിണറിലേക്ക് തുരങ്കം നിര്‍മിക്കാന്‍ തുടങ്ങി. എന്നാല്‍ ഇത് തെറ്റായ ദിശയിലേക്കായതും വെല്ലുവിളിയായി. ഇതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയും മണിനടിയിലെ കൂറ്റന്‍ പാറകളും രക്ഷാപ്രവര്‍ത്തനം കഠിനമാക്കിയിരുന്നു.
അവസാന മണിക്കൂറുകളില്‍ ആവശ്യത്തിന് ഓക്സിജനും ഭക്ഷണവും നല്‍കാന്‍ സാധിക്കാതെ വന്നതോടെ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. അതിനിടയിലാണ് തുരങ്കം നിര്‍മിക്കാനുള്ള ശ്രമം പാളിയത്. ശേഷം ജയ്പുര്‍ ഡല്‍ഹി മെട്രോയില്‍ നിന്നുള്ള വിദഗ്ദര്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തകരെ സഹായിക്കുകയും ചെയ്തു. നേരത്തെ 8 മീറ്റര്‍ വീതിയില്‍ മതിയെന്ന് നിശ്ചയിച്ച തുരങ്കം 12 അടിയായി വലുതാക്കിയാണ് രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്.