'കേരളം മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന ശരിയല്ല'; നിതേഷ് റാണയുടെ പരാമര്‍ശം തള്ളി രാജീവ് ചന്ദ്രശേഖര്‍
നിതേഷ് റാണയുടെ പരാമര്‍ശം തള്ളി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: കേരളം മിനി പാകിസ്ഥാന്‍ ആണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നിതേഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍. വിവാദ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നിതേഷ് റാണയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവാദമായതോടെ പരാമര്‍ശം മയപ്പെടുത്തിയും നിതേഷ് റാണ രംഗത്തെത്തിയിരുന്നു. കേരളം മിനി പാക്കിസ്ഥാന്‍ ആണെന്നും അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയും അവിടെ ജയിച്ചത് എന്നുമായിരുന്നു റാണെയുടെ പരാമര്‍ശം.
കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന അംഗീകരിക്കില്ല. ആര് പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍ കരസേന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി അപലപിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വയനാട് ദുരന്തത്തില്‍ സഹായിച്ചത് ആര്‍മിയാണ്. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പ്രസ്താവനയിറക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചതെന്നും റാണെ പിന്നീട് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് സര്‍ക്കാരിലെ തുറമുഖ വികസന വകുപ്പ് മന്ത്രിയും, ബിജെപി നേതാവുമായ നിതേഷ് റാണെ കഴിഞ്ഞയാഴ്ച്ച പൂനെയില്‍ നടന്ന ചടങ്ങിലാണ് വിവാദ പ്രസംഗം നടത്തിയത്. ഇതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്നും വിജയിച്ചതതെന്നും മന്ത്രി പറഞ്ഞു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശത്തില്‍ പിന്നാലെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളടക്കം മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ മലക്കം മറിച്ചില്‍.
കേരളം ഇന്ത്യയുടെ ഒരു ഭാഗം തന്നെയാണ്. ഹിന്ദുക്കള്‍ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികള്‍ ആകുന്നതും മുസ്ലിങ്ങള്‍ ആകുന്നതും അവിടെ കൂടുതലാണ്. പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ നേരിടുന്ന പോലെ കേരളത്തിലും സംഭവിച്ചാല്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ താരതമ്യം ചെയ്യാനാണ് ശ്രമിച്ചത്- റാണ പറഞ്ഞു. നിതേഷ് റാണെയോട് പരാമര്‍ശം തിരുത്താന്‍ ബിജെപി നേതൃത്ത്വം ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഇതാദ്യമായല്ല നിതേഷ് റാണെ വര്‍ഗീയ പരാമര്‍ശം നടത്തി വെട്ടിലാകുന്നത്. നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്.