ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: കല്‍ക്കാജിയില്‍ അതിഷിക്കെതിരേ അല്‍ക്ക ലാംബയെ കളത്തിലിറക്കി കോണ്‍ഗ്രസ്

കല്‍ക്കാജിയില്‍ അതിഷിക്കെതിരേ അല്‍ക്ക ലാംബയെ കളത്തിലിറക്കി കോണ്‍ഗ്രസ്

Update: 2025-01-03 18:04 GMT

ഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ കളത്തിലിറക്കി കോണ്‍ഗ്രസ്. ഡല്‍ഹി കല്‍ക്കാജി മണ്ഡത്തിലാണ് പ്രമുഖര്‍ ഏറ്റുമുട്ടുന്നത്. ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷിക്കെതിരേ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായ അല്‍ക ലാംബയാണ് മത്സരിക്കുന്നത്. എ.ഐ.സി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആംആദ്മിയുടെ ശക്തികേന്ദ്രമാണ് കല്‍ക്കാജി.

അഭിഭാഷക കൂടിയായ അല്‍ക ലാംബ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് 1994 ല്‍ കോണ്‍ഗ്രസിലൂടെയാണ്. പക്ഷേ 2013ല്‍ ആപ്പ് തരംഗത്തിനിടെ അല്‍ക ആം ആദ്മിയില്‍ ചേര്‍ന്നു. എന്നാല്‍ 2019ല്‍ ആംആദ്മിയോട് വിടപറയുകയും ചെയ്തു. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന വന്ന അല്‍കയെ 2002ല്‍ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. 2003ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മോതി നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടിയെങ്കിലും ബിജെപി മുതിര്‍ന്ന നേതാവ് മദന്‍ ലാല്‍ ഖുറാനയോട് പരാജയപ്പെട്ടു.

പിന്നീട് 2014 ഡിസംബറില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനാണ് അല്‍ക കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കുപോരുന്നത്. 2015ല്‍ ചാന്ദ്നി ചൗക്കില്‍ നിന്ന് എ.എ.പി ടിക്കറ്റില്‍ ജനവിധി തേടിയ അല്‍ക ബിജെപി സ്ഥാനാര്‍ത്ഥിയായ സുമന്‍ കുമാര്‍ ഗുപ്തയെ പരാജയപ്പെടുത്തി കന്നിജയം സ്വന്തമാക്കി. അരവിന്ദ് കേജ്രിവാളും അല്‍കയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അല്‍കയ്ക്ക് കോണ്‍ഗ്രസിലേക്കുള്ള വഴി വീണ്ടും തുറന്നുകൊടുത്തത്. ഇരുവരും പൊതു ജനമധ്യത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങി. അല്‍ക 2019ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചു. വൈകാതെ എ.എ.പി വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു.

Tags:    

Similar News