വി.ഡി സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

വി.ഡി സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

Update: 2025-01-10 16:49 GMT

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. വി.ഡി സവര്‍ക്കര്‍ക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് രാഹുലിന് പൂണെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.

25,000 രൂപയുടെ ബോണ്ടിലാണ് പൂണെയിലെ എം.പി/എം.എല്‍.എ കോാടതി ജാമ്യം അനുവദിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടിയുടെ ഭാഗമായ രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോഹന്‍ ജോഷി 25,000 രൂപയുടെ ബോണ്ട് നല്‍കി.

കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു. ഫെബ്രുവരി 18നായിരിക്കും കേസ് വീണ്ടും പരിഗണിക്കുക.2023 മാര്‍ച്ചില്‍ ലണ്ടനില്‍ രാഹുല്‍ നടത്തിയ പ്രസംഗം സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന പരാതിയാണ് ഉയര്‍ന്നത്. ഇതുസംബന്ധിച്ച് സാത്യകി സവര്‍ക്കറാണ് പരാതി നല്‍കിയത്.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ യു.പിയില്‍ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസും മാറ്റിവെച്ചിട്ടുണ്ട്. യു.പിയിലെ എം.പി-എം.എല്‍.എ കോടതി ജനുവരി 22ലേക്കാണ് മാറ്റിയത്. അഭിഭാഷകരുടെ സമരം കാരണമാണ് കേസ് മാറ്റിയത്. രാഹുല്‍ ഗാന്ധി കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മോശം പരാമര്‍ശം നടത്തിയെന്ന പ്രാദേശിക ബി.ജെ.പി നേതാവിന്റെ പരാതിയിലാണ് കേസ്. 2018ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Tags:    

Similar News