മലിനീകരണം രൂക്ഷം: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ധനം നല്‍കില്ല; നിര്‍ണായക തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഏപ്രില്‍ മുതല്‍ ഇന്ധനം നല്‍കില്ല

Update: 2025-03-01 16:02 GMT

ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന തീരുമാനവുമായി ഡല്‍ഹി സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ തീരുമാനം നടപ്പാക്കും. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

ഡല്‍ഹി നേരിടുന്ന കനത്ത വെല്ലുവിളികളിലൊന്നായ വായു മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ തിരിച്ചറിയുന്നതിനായി ഇന്ധന പമ്പുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിക്കും. തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിക്കുമെന്ന് മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

പഴക്കമുള്ളതും മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപംനല്‍കും. പുറത്തുനിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കും.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (NCR) 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും റോഡുകളില്‍ ഓടുന്നത് നിരോധിച്ചുള്ള തീരുമാനം നേരത്തെയുണ്ട്. ഇത് കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നീക്കം. 2025 ഡിസംബറോടെ ഡല്‍ഹിയിലെ പൊതുഗതാഗതത്തില്‍ നിന്ന് സി.എന്‍.ജി ബസുകളില്‍ ഏകദേശം 90 ശതമാനവും പിന്‍വലിച്ച് പകരം ഇലക്ട്രിക് ബസുകള്‍ കൊണ്ടുവരും.

ഡല്‍ഹിയിലെ വലിയ ഹോട്ടലുകള്‍, ഓഫിസ് സമുച്ചയങ്ങള്‍, വിമാനത്താവളം, വലിയ നിര്‍മാണ സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആന്റി സ്മോഗ് ഗണ്ണുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി സിര്‍സ പറഞ്ഞു.

Similar News