വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടു; ബസ് ഡ്രൈവറെ പിരിച്ചു വിട്ട് മുംബൈ എസ്ആര്‍ടിസി
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടു; ബസ് ഡ്രൈവറെ പിരിച്ചു വിട്ട് മുംബൈ എസ്ആര്‍ടിസി
മുംബൈ: മൊബൈല്‍ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ട് വാഹനമോടിച്ച ബസ് ഡ്രൈവറെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ടിസി) പിരിച്ചുവിട്ടു. ഫോണില്‍ ക്രിക്കറ്റ് മത്സരം വെച്ച ശേഷം അതു കണ്ട് കൊണ്ട് വാഹനം ഓടിച്ച ഡ്രൈവര്‍ക്കാണ് സര്‍ക്കാരിന്റെ വക എട്ടിന്റെ പണി കിട്ടിയത്. ഡ്രൈവര്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധിച്ച യാത്രക്കാരന്‍ ഡ്രൈവറുടെ വീഡിയോ പകര്‍ത്തി അധികൃതര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക്കിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മാര്‍ച്ച് 22-ന് മുംബൈ-പുണെ റൂട്ടിലെ ശിവ്‌നേരി ബസിലാണ് സംഭവം നടന്നത്. ബസിലുണ്ടായിരുന്ന ഒരുയാത്രക്കാരന്‍ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ ക്രിക്കറ്റ് മത്സരം കാണുന്നതിന്റെ വീഡിയോ പകര്‍ത്തുകയായിരുന്നു.
ഇയാള്‍ ഈ വീഡിയോ മന്ത്രിമാരെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെയും ടാഗ്‌ചെയ്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. കര്‍ശന നടപടിയെടുക്കാന്‍ സര്‍നായിക് ഉടന്‍തന്നെ മുതിര്‍ന്ന എംഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. മുംബൈ-പുണെ റൂട്ടിലെ ഒരു പ്രധാനസര്‍വീസാണ് ഇ-ശിവനേരി ബസ് സര്‍വീസ്. ഒട്ടേറെ ആളുകള്‍ ഈ ബസില്‍ യാത്രചെയ്യുന്നു.
അപകടരഹിതമായ സര്‍വീസിന് പേരുകേട്ടതാണ് ഈ സര്‍വീസ്. അശ്രദ്ധമായി വാഹനങ്ങള്‍ ഓടിക്കുകയും യാത്രക്കാരെ അപകടത്തിലാക്കുകയുംചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് സര്‍നായിക് പറഞ്ഞു.