ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി; കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റി

Update: 2025-03-28 13:26 GMT

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയോട് അലഹബാദ് ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കാനും നിര്‍ദേശം നല്‍കി.

വര്‍മയുടെ വീട്ടില്‍നിന്ന് പണക്കൂമ്പാരം കണ്ടെത്തിയ കേസിനെ തുടര്‍ന്നാണ് നടപടി. നേരത്തെ, കൊളീജിയം ശിപാര്‍ശക്കെതിരെ അലഹബാദ് ഹൈകോടതി ബാര്‍ അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ കൊണ്ടുവന്നു തള്ളാന്‍ അലഹബാദ് ഹൈകോടതി ചവറ്റുകുട്ടയല്ലെന്ന് പറഞ്ഞാണ് അഭിഭാഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍, എതിര്‍പ്പ് അവഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം സ്ഥലം മാറ്റാന്‍ ശിപാര്‍ശ ചെയ്തത്. രണ്ടുതവണ യോഗം ചേര്‍ന്ന ശേഷമാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വര്‍മയുടെ സ്ഥലംമാറ്റത്തിന് ശിപാര്‍ശ ചെയ്തത്. വര്‍മയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേര്‍ന്ന കൊളീജിയം തിങ്കളാഴ്ച വീണ്ടും യോഗം ചേരുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ചത്. ഇതോടൊപ്പം ഡല്‍ഹി ഹൈകോടതിയിലെ മറ്റൊരു ജഡ്ജ് ജസ്റ്റിസ് സി.ഡി. സിങ്ങിനെയും അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 14ന് ഹോളി ദിവസം രാത്രി 11.30നാണ് യശ്വന്ത് വര്‍മയുടെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ തീപിടിച്ചത് അണക്കാന്‍ ചെന്ന അഗ്‌നിശമന സേന വിഭാഗം 500ന്റെ നോട്ടുകെട്ടുകള്‍ ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, പിറ്റേന്ന് വൈകീട്ട് 4.50നാണ് ഡല്‍ഹി പൊലീസ് വിവരം ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്.

മാര്‍ച്ച് 14-ന് രാത്രി 11.35-നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. അലഹാബാദുകാരനായ ജസ്റ്റിസ് വര്‍മ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍, അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിന്നീട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെടുത്തിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിരുന്നു.

Similar News