ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട; 27 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ഡല്‍ഹിയില്‍ വന്‍ ലഹരിവേട്ട; 27 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നുവേട്ട. 27 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഡല്‍ഹി പൊലീസും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. ലഹരിവസ്തുക്കളുടെ ഉല്‍പാദനവും വിതരണവും നടത്തുന്ന സ്ഥലത്താണ് റെയ്ഡ് നടത്തിയത്.എം.ഡി.എം.എ, മെത്താഫെറ്റമിന്‍, കൊക്കെയ്ന്‍ എന്നിവയാണ് പിടികൂടിയത്.
ആഫ്രിക്കന്‍ പൗരന്‍മാര്‍ വാടകക്കെടുത്ത സ്ഥലത്താണ് സംയുക്ത സംഘം പരിശോധന നടത്തിയത്. ഛത്ത്പൂര്‍ മേഖലയില്‍ മെത്താഫെറ്റമിന്‍ ഇടപാട് നടക്കാന്‍ പോകുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇവിടെ നിന്ന് 5.103 കിലോഗ്രാം മെത്താഫെറ്റമിന്‍ പിടികൂടി. ഏകദേശം 10.2 കോടി രൂപ വിലയുള്ള ലഹരി വസ്തുവാണ് പിടികൂടിയത്.
അഞ്ച് പേരെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യുകയും നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ?പരിശോധനയില്‍ 1.156 കിലോഗ്രാം മെത്താഫെറ്റമിനും 5.776 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഇവക്ക് 16.4 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇതിന് പുറമേ ഗ്രേറ്റര്‍ നോയിഡയിലെ വാടക വീട്ടിലും സംയുക്തസംഘം പരിശോധന നടത്തി. ഇവിടെ നിന്നും 389 ഗ്രാം അഫ്ഗാന്‍ ഹെറോയിനും 26 ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു.