കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ അറസ്റ്റില്‍: ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയത് ഹോട്ടലില്‍ താമസിക്കാനെത്തിയ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍

കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; ഗസ്റ്റ് ഹൗസ് ജീവനക്കാരന്‍ അറസ്റ്റില്‍

Update: 2025-04-12 00:27 GMT

അയോദ്ധ്യ: കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഗസ്റ്റ് ഹൗസ് ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. അയോധ്യ രാമ ക്ഷേത്രത്തിന് സമീപത്തെ ഒരു ഹോട്ടലിലാണ് സംഭവം. യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ യുവതി ഇയാളെ കാണുകയും ബഹളം വെക്കുകയും ചെയ്തതോടെ താമസക്കാര്‍ ചേര്‍ന്ന് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇവിടെ താമസിച്ചിരുന്ന നിരവധി പേരുടെ നഗ്‌ന ദൃശ്യങ്ങള്‍ അതില്‍ നിന്ന് കണ്ടെത്തി.

ഹോട്ടലില്‍ താമസിച്ചിരുന്ന സത്രീകളുടെ ദൃശ്യങ്ങളാണ് ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയവയില്‍ ഏറെയും. ഉത്തര്‍പ്രദേശിലെ ബറൈച് സ്വദേശിയായ 25കാരന്‍ സൗരഭ് തിവാരിയാണ് അറസ്റ്റിലായത്. അയോധ്യ രാമ ക്ഷേത്രത്തിന്റെ മൂന്നാം ഗേറ്റില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെ പ്രവര്‍ത്തിക്കുന്ന രാജ ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വരാണസി സ്വദേശിനിയായ ഒരു തീര്‍ത്ഥാടക കുളിക്കുന്നതിനിടെ നിഴല്‍ കണ്ടാണ് യുവാവിന്റെ സാന്നിദ്ധ്യം ശ്രദ്ധിച്ചത്. നോക്കിയപ്പോള്‍ മുകളില്‍ നിന്ന് ഇയാള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടു. ഭയന്നുപോയ യുവതി നിലവിളിച്ചുകൊണ്ട് ബാത്ത്‌റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി. മറ്റ് മുറികളില്‍ താമസിച്ചിരുന്ന പുരുഷന്മാര്‍ യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തുകയും കാര്യമറിഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.

ഗസ്റ്റ് ഹൗസിലുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് രാമ ജന്മഭൂമി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പോലിസ് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധിപ്പേരുടെ നഗ്‌നദൃശ്യങ്ങളാണ് അതില്‍ കണ്ടെത്തിയത്. നാല് പേര്‍ക്കൊപ്പമാണ് താന്‍ അയോദ്ധ്യയിലെത്തിയതെന്നും ഗസ്റ്റ് ഹൗസില്‍ രണ്ട് മുറികളാണ് തങ്ങള്‍ എടുത്തിരുന്നതെന്നും പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം അയോദ്ധ്യ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഷുതോഷ് തിവാരി സ്ഥിരീകരിച്ചു. സംഭവം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഗസ്റ്റ് ഹൗസ് നിര്‍മിച്ചത് അനധികൃതമാണെന്ന് കാണിച്ച് അയോദ്ധ്യ വികസന അതോറിറ്റി കെട്ടിടം സീല്‍ ചെയ്തിട്ടുമുണ്ട്.

Tags:    

Similar News