കൃഷിഭൂമി വീട്ടുപറമ്പായി മാറ്റുന്നതിന് കൈക്കൂലിയായി ചോദിച്ചത് 6,000 രൂപ; അഡീഷണല്‍ തഹസില്‍ദാറെ കയ്യോടെ പിടികൂടി വിജിലന്‍സ്
6,000 രൂപ കൈക്കൂലി; അഡീഷണല്‍ തഹസില്‍ദാറെ കയ്യോടെ പിടികൂടി വിജിലന്‍സ്
ഭുവനേശ്വര്‍: കൃഷിഭൂമി വീട്ടുപറമ്പായി മാറ്റുന്നതിന് ആറായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാരെ പോലിസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ സംബല്‍പൂര്‍ ജില്ലയിലാണ് സംഭവം. മാനേശ്വര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഭുവനാനന്ദ സാഹുവിനെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരു ചെറിയ ഭാഗം കൃഷിഭൂമി വീട്ടുപറമ്പായി മാറ്റുന്നതിന് 6,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
സ്വകാര്യ വ്യക്തി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മാനേശ്വര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഭുവനാനന്ദ സാഹുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ മുഴുവന്‍ തുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ ഭൂമി തരം മാറ്റി നല്‍കില്ലെന്ന് ഇയാള്‍ കര്‍ശനം പറയുകയായിരുന്നു. തുടര്‍ന്നാണ് കുടുംബ നാഥന്‍ വിജിലന്‍സിനെ ബന്ധപ്പെടുന്നത്.
ഒഡീഷ റവന്യൂ സര്‍വീസ് (ORS) ഉദ്യോഗസ്ഥനായ ഭുവനാനന്ദ സാഹു, ഒരു സ്വകാര്യ വ്യക്തിയുടെ കൃഷിഭൂമി കാര്‍ഷികേതര (വീട്ടുപറമ്പ്) ആവശ്യത്തിനായി മാറ്റുന്നതിനും അനുകൂലമായി ഭൂമിയുടെ രേഖകള്‍ (ROR) നല്‍കുന്നതിനും 10,000 രൂപ ആകെ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കൈക്കൂലി നല്‍കിയില്ലെങ്കില്‍ ആവശ്യപ്പെട്ട കാര്യം നടക്കില്ലെന്ന് ഭുവനാനന്ദ സാഹു ഭീഷണിപ്പെടുത്തിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് ഒരുക്കിയ കെണിയില്‍, ശനിയാഴ്ച ഓഫീസില്‍ വെച്ച് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭുവനാനന്ദ സാഹുവിനെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അഴിമതി നിരോധന (ഭേദഗതി) നിയമം, 2018 പ്രകാരം ഭുവനാനന്ദ സാഹുവിനെതിരെ കേസെടുത്തു.