മൂത്തമകള്‍ ഇതരജാതിക്കാരനെ വിവാഹംചെയ്തു; മാതാപിതാക്കളും സഹോദരിയും അണക്കെട്ടില്‍ ചാടി ജീവനൊടുക്കി
അണക്കെട്ടില്‍ ചാടി ജീവനൊടുക്കി
മൈസൂരു: കോളേജില്‍ പഠിക്കുന്ന മൂത്തമകള്‍ ഇതരജാതിക്കാരനെ വിവാഹം ചെയ്തതിലുള്ള മനോവിഷമത്തില്‍ മാതാപിതാക്കളും സഹോദരിയും അണക്കെട്ടില്‍ച്ചാടി ജീവനൊടുക്കി. എച്ച്ഡി കോട്ടെ താലൂക്കിലെ ബുഡാനുരു ഗ്രാമത്തില്‍ താമസിക്കുന്ന മഹാദേവസ്വാമി (55), ഭാര്യ മഞ്ജുള (42), ഇളയമകള്‍ ഹര്‍ഷിത (18) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. വദരഗുഡിയിലുള്ള ഹെബ്ബാല അണക്കെട്ടിലാണ് മൂവരും ചാടിയത്. ബൈക്കില്‍ അണക്കെട്ടിനു സമീപമെത്തി മരണക്കുറിപ്പെഴുതിവെച്ച് വെള്ളത്തിലേക്കുചാടുകയായിരുന്നു. വഴിയാത്രക്കാരാണ് ബൈക്കില്‍ കുറിപ്പുകണ്ടെത്തിയത്.
ഇവരുടെ മൂത്തമകള്‍ മൈസൂരുവിലെ കോളേജില്‍ പഠിക്കുകയായിരുന്നു. യുവതി കോട്ട് താലൂക്കിലെ ഉദ്ബര്‍ ഗ്രാമത്തിലെ മറ്റൊരു സമുദായത്തില്‍നിന്നുള്ളയാളെ മാതാപിതാക്കളെ അറിയിക്കാതെ വിവാഹംചെയ്തിരുന്നു. ഇതിന്റെ വിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.