വിവാഹവീട്ടില്‍ എത്തിയവരെ അപമാനിച്ചെന്ന് ആരോപണം; പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുമായി ഏറ്റുമുട്ടി

Update: 2025-11-09 08:21 GMT

ബെംഗളൂരു: ബംഗളൂരു യെലഹങ്കയില്‍ വിവാഹവീട്ടില്‍ സംഘര്‍ഷം. വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പിജി നടത്തുന്ന ശ്രീനിവാസനും ഭാര്യക്കും മര്‍ദനമേറ്റു. വിവാഹ വീട്ടില്‍ എത്തിയവര്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചുവെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. അതേസമയം മലയാളി വിദ്യാര്‍ത്ഥികളെ ശ്രീനിവാസന്‍ തങ്ങളെ ആക്രമിക്കാനായി നിയോഗിച്ചെന്ന് മറുഭാഗവും ആരോപിക്കുന്നു.

വിവാഹ വീട്ടിലെത്തിയവരെ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അപമാനിച്ചെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. വിവാഹ വീട്ടിലെത്തിയവര്‍ മലയാളി വിദ്യാര്‍ത്ഥികളുമായി തര്‍ക്കം നടക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഭവത്തില്‍ ന്യൂ യെലഹങ്ക പൊലീസ് കേസെടുത്തു. ഇരു വിഭാഗവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കുമെതിരെയാണ് പരാതി. വിവാഹത്തിനെത്തിയവരുടെ പരാതിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Similar News