യു.പിയില്‍ വ്യാജ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തിയ അഞ്ച് വയസുകാരന്‍ മരിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍
വ്യാജ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തിയ അഞ്ച് വയസുകാരന്‍ മരിച്ചു=
ലഖ്‌നൗ: യു.പിയില്‍ വ്യാജ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തിയ അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കൗഷാംബിയിലെ ചാര്‍വ മനൗരി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഓപ്പറേഷന്‍.
മാര്‍ച്ച് 16നായിരുന്നു കുട്ടിയുടെ അച്ഛന്‍ മകന്‍ ദിവ്യാന്‍ഷുവിന്റെ മരണത്തെ സംബന്ധിച്ച് പരാതി നല്‍കിയത്. സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ അന്‍മോല്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരാണ് മകന്റെ ഓപ്പറേഷന്‍ നടത്തിയതെന്നും ഇതാണ് തന്റെ മകന്റെ മരണത്തിന് കാരണമായതെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിക്ക് ഓപ്പറേഷന്‍ നടത്തിയ വികാസ് കുമാര്‍, വിശേഷ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരും സഹോദരന്റെ പേരില്‍ ആശുപത്രി തുടങ്ങുകയും സ്വയം ഡോക്ടര്‍മാര്‍ ചമഞ്ഞ് ചികിത്സ തുടങ്ങുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അഞ്ചുവയസുകാരനായ ദിവ്യാന്‍ഷുവിന്റെ കാലിലാണ് ഇരുവരും ഓപ്പറേഷന്‍ നടത്തിയത്. ഇതിലുണ്ടായ പിഴവാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്വകാര്യ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സീല്‍ ചെയ്യുകയായിരുന്നു.