ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന സംഭവം: സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന സംഭവം
ഛണ്ഡിഗഡ്: ഹരിയാനയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഹരിയാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഹരിയാനയിലെ ലുഹാരി ഗ്രാമത്തില്‍ വച്ച് ധര്‍മ്മേന്ദ്ര സിങ് എന്ന മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് കേസ്. മെയ് 18നാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മാധ്യമപ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര സായാഹ്ന നടത്തത്തിനിറങ്ങിയപ്പോള്‍ അജ്ഞാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം സംഭവത്തില്‍ കൃത്യമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. ധര്‍മ്മേന്ദ്രയുടെ മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കമ്മിഷന്‍ ഇടപെട്ടിരിക്കുന്നത്.
മെയ് 18നാണ് ധര്‍മ്മേന്ദ്രയ്ക്ക് അജ്ഞാതരില്‍ നിന്നും വെടിയേല്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു സംഭവം. വെടിയുതിര്‍ത്ത ഉടന്‍ തന്നെ അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ചേര്‍ന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മെയ് 19ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. കൊലയാളികള്‍ ആരെന്നോ കൊലയ്ക്ക് കാരണമെന്തെന്നോ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.