ഡല്‍ഹി സര്‍വകലാശാലയ്ക്കടുത്ത് പശുമാംസം വിറ്റെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കടയുടമയെ മര്‍ദിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്ളാറ്റില്‍ റെയ്ഡ് നടത്തണമെന്ന് ആവശ്യം
പശുമാംസം വിറ്റെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കടയുടമയെ മര്‍ദിച്ചു
വിജയ് നഗര്‍: ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസിന് അടുത്തു പശുമാംസം വിറ്റെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കടയുടമയെ മര്‍ദിച്ചു. വിജയ്നഗറിലെ കടയില്‍ നിന്നു മാംസം വാങ്ങിയ 15കാരനാണു പൊലീസില്‍ പരാതിപ്പെട്ടത്. വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കടയ്ക്കു മുന്നില്‍ ആളുകള്‍ കൂട്ടമായെത്തി കടയുടമ ചമന്‍ കുമാറിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റയാള്‍ ആശുപത്രിയിലാണ്.
കടയില്‍നിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിസരത്തു താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ ഫ്ലാറ്റുകള്‍ റെയ്ഡ് ചെയ്യണമെന്ന് ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. കടയുടമയെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമണ്‍ ആരോപിച്ചു.
സംഭവസ്ഥലത്തെത്തിയ വിദ്യാര്‍ഥികളുടെ ബാഗുകള്‍ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചു.വിദ്യാര്‍ഥികളുടെയും കടയുടമയുടെ കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സൂരജ് പറഞ്ഞു.