തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ആധാര്‍ അടിസ്ഥാനമാക്കി ഐഡന്റിറ്റി സ്ഥിരീകരിക്കണം നിര്‍ബന്ധമാകും; ആധാര്‍ നമ്പറും ലോഗിന്‍ ഐഡിയും ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: തത്കാല്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാര്‍ നമ്പറും ലോഗിന്‍ ഐഡിയും ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) അറിയിച്ചു. ഒരേസമയം ഒന്നിലധികം തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ നീക്കമെന്നാണ് ഐആര്‍സിടിസി പറയുന്നത്. എന്നാല്‍ ഇത് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ആധാര്‍ അടിസ്ഥാനമാക്കി ഐഡന്റിറ്റി സ്ഥിരീകരിക്കണം നിര്‍ബന്ധമാകും. നേരിട്ടുള്ള റിസര്‍വേഷന്‍ ബുക്കിങ്ങുകള്‍ക്കും (കൗണ്ടര്‍) ഐആര്‍സിടിസിയില്‍ ഓണ്‍ലൈനായി നടത്തുന്ന റിസര്‍വേഷനുകള്‍ക്കും ഇത് ബാധകമാണ്. റെയില്‍വേയുടെ ആഭ്യന്തര ഓഡിറ്റില്‍ വ്യാപകമായ ദുരുപയോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്നാണ് ഐആര്‍സിടിസി പറയുന്നത്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് ആധാര്‍ പരിശോധന നടപ്പിലാക്കുന്നതിന് റെയില്‍വേ മന്ത്രാലയം സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഈ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു.